ലോക ആനദിനം 

ഗജവീരന്മാരുടെ സംരക്ഷണത്തിനായി 2011- മുതൽ ഓഗസ്റ് 12 ലോക ആനദിനമായി ആചരിച്ചു വരുന്നു. ഒന്ന്, രണ്ട്, മൂന്ന് ക്ലാസ്സുകളിലെ കുട്ടികളെല്ലാവരും സി. വി. ജെ ഓഡിറ്റോറിയത്തിൽ ഒത്തുചേർന്ന് ഗജദിനം ആചരിച്ചത് ചിങ്ങം ഒന്നിനാണ്. ദുരിതങ്ങളുടെ മാസമായ കര്‍ക്കടകത്തിനു ശേഷം തെളിഞ്ഞു വന്ന ചിങ്ങപ്പുലരിയിൽ മലയാളമാസങ്ങൾ ക്രമമായി അവതരിപ്പിച്ച കൊച്ചുപെൺകുട്ടി ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.

ആനകളുടെ പ്രത്യേകതകളും, ഭക്ഷണരീതിയും, ആനയൂട്ടും മറ്റും വിവരിച്ചത് കുട്ടികളിൽ കൗതുകമുണർത്തി. തലയെടുപ്പോടെ ഓഡിറ്റോറിയത്തിലേക്ക് കടന്നുവന്ന ആനയും, ആനപ്പാപ്പാനും ഏവരെയും രസിപ്പിച്ചു. മൂന്നാം തരത്തിലെ കുട്ടികൾ ചേർന്ന് പാടിയ ആനപ്പാട്ടും, ഒന്നാം ക്ലാസ്സിലെ കൊച്ചുകുട്ടി അവതരിപ്പിച്ച ആംഗ്യപ്പാട്ടും ആഘോഷത്തിന് കൊഴുപ്പേകി. ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാനും, കച്ചവടലക്ഷ്യത്തോടെ കൊമ്പും, നഖവും, വാൽരോമങ്ങളും പിഴുതെടുക്കാനും കരിവീരനെ ഉപയോഗിക്കുമ്പോൾ ആനകളും ഭൂമിയുടെ അവകാശികളാണെന്നും, അവയുടെ സംരക്ഷണത്തിനായി എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം എന്നുമുള്ള അവബോധം കുട്ടികളിൽ ജനിപ്പിക്കാൻ സാധിച്ചു.