ഒന്നിച്ചോണം
സെൻ്റ് പീറ്റേഴ്സ് സീനിയർ സെക്കൻ്ററിസ്കൂൾ പ്രീ സ്കൂൾവിഭാഗവും കിൻ്റർഗാർട്ടൻ വിഭാഗവും ചേർന്ന് സെപ്തംബർ 11, 12 തീയതികളിലായി ‘ഒന്നിച്ചോണം’എന്ന ഓണാഘോഷ പരിപാടി നടത്തുകയുണ്ടായി.
കേരളത്തിൻ്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം ലോകജനതക്ക് ആസ്വാദ്യമാകുംവിധം,അധ്യാപകരുടെ പിന്തുണയോടെ ,നയനമനോഹരമായ പല പരിപാടികൾ അവതരിപ്പിച്ചുകൊണ്ട് കുട്ടികൾ വേദിയിൽ നിറഞ്ഞാടി.ആകാംക്ഷാഭരിതരായെത്തിയരക്ഷിതാക്കളുടെപ്രോത്സാഹനവുംസാന്നിദ്ധ്യവും ആഘോഷപരിപാടികളുടെ മാറ്റുകൂട്ടി.
‘വിളവെടുപ്പുത്സവം’എന്നറിയപ്പെടുന്ന ഓണത്തോടനുബന്ധിച്ച് തൃപ്പൂണിത്തറയിൽ നടത്തിവരുന്ന”അത്തച്ചമയം”അതിൻ്റെ തനിമനിലനിർത്തിക്കൊണ്ട് കുട്ടികൾ അവതരിപ്പിച്ചു.കേരളത്തിലെ ആഘോഷങ്ങൾ,പ്രകൃതി,കലകൾ എന്നിവയെല്ലാം സമ്മേളിപ്പിച്ചുകൊണ്ട് കുഞ്ഞുങ്ങൾ നടത്തിയ ദൃശ്യവിരുന്ന് വേറിട്ട ഒരനുഭവം തന്നെയായിരുന്നു. സീനിയർ കിൻ്റർഗാർട്ടനിലെ എഴുപതോളംകുട്ടികൾ തിരുവാതിരപ്പാട്ടിനൊപ്പം ചുവടുവച്ചു.
നാളെയുടെ പ്രതീക്ഷകളായ ഈ പിഞ്ചുകുഞ്ഞുങ്ങൾ അവതരിപ്പിച്ച ഒന്നിച്ചോണം എന്ന ആഘോഷ പരിപാടി’ കേരളീയസംസ്കൃതിയെ കാത്തുസൂക്ഷിക്കാനും പൊന്നോണത്തനിമയെ നെഞ്ചോടുചേർക്കാനും കുഞ്ഞുങ്ങളെ പ്രേരിപ്പിക്കും വിധം തീർത്തും വ്യത്യസ്തമായ ഓണാനുഭവംതന്നെയായിരുന്നു
ചിങ്ങനിലാവ്- 2024 പ്രൈമറി വിഭാഗം ആഘോഷ പരിപാടികൾ
ചിങ്ങത്തേരിലേറി വന്ന പൊന്നോണത്തെ വൈവിധ്യവും തനിമയാർന്നതുമായ രീതിയിലാണ് കുസൃതിക്കുരുന്നുകൾ വരവേറ്റത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, വിപുലമായ ആഘോഷ പരിപാടികൾ ഒഴിവാക്കി മിതത്വവും വ്യത്യസ്തതയും നിലനിർത്താനായത് അന്നേ ദിനത്തിന്റെ മാറ്റുകൂട്ടി.
ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ശ്രീ.പി. എസ്.നാരായണൻ,വൈസ് പ്രിൻസിപ്പൽ ശ്രീമതി രഞ്ജന. ജി. മേനോൻ,പെഡഗോഗി വിഭാഗം മേധാവി ശ്രീമതി ഡോ.മരിയ സോഫിയ, എൽ പി വിഭാഗം കോഡിനേറ്റർ ശ്രീമതി മിനി നായർ, അഡ്മിൻമാനേജർ പ്രൊക്യുർമെൻ്റ് ശ്രീ. ബാലു എം. കൃഷ്ണ എന്നിവർ സന്നിഹിതരായിരുന്ന വേദിയിൽ വളരെ പ്രതീകാത്മകമായ രീതിയിലായിരുന്നു പരിപാടികളുടെ അവതരണം.
പതിവ് ഐതിഹ്യ കഥകളുടെ ചട്ടക്കൂടിൽ നിൽക്കാതെ, ഓണത്തോടനുബന്ധിച്ച് വിവിധ പ്രദേശങ്ങളിൽ നടക്കുന്ന തനതായ ആചാരാനുഷ്ഠാന സമ്പ്രദായങ്ങൾ നാടകീയമായി തന്മയത്വത്തോടെ കുട്ടികൾ അവതരിപ്പിച്ചു. പപ്പൊലിപ്പാട്ടും, കർഷകനൃത്തവും, ഓണപ്പാട്ടും, ഇന്നും ചില പ്രദേശങ്ങളിൽ മാത്രം നിലനിൽക്കുന്ന ആചാരമായ മത്തക്കുടം ഉടയ്ക്കലും,ഓണസദ്യയും, മാവേലി മന്നനും, പുലികളിയും, ക്ലാസിക്കൽ നൃത്തവും എല്ലാമെല്ലാം വർണാഭവും വൈജ്ഞാനികവുമായ രീതിയിൽ അരങ്ങേറിയത് നല്ലൊരു ദൃശ്യവിരുന്ന് തന്നെയായിരുന്നു.
സെൻ പീറ്റേഴ്സ് സീനിയർ സെക്കൻഡറി സ്കൂളിൻറെ 2024 ഓണാഘോഷംചിങ്ങ നിലാവ് 24 സെപ്റ്റംബർ 13 വെള്ളിയാഴ്ച മലയാള വിഭാഗത്തിൻറെനേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു.മുക്കുറ്റിയും തുമ്പയും മിഴി തുറക്കുന്ന, പൂപ്പൊലിപ്പാട്ട് ഉയരുന്ന നാട്ടു നന്മയുടെ ഒരു പൊന്നോണക്കാലം കൂടി വർണ്ണപ്പൊലിമയോടെ ആഘോഷിക്കപ്പെട്ടു. ദുരിത പർവങ്ങളിൽ വീണടിഞ്ഞ മാനവ മനസ്സിൽ നേരും നെറിയുമുള്ള ഒരു കാലത്തിൻറെ ഓർമ്മപ്പെടുത്തൽ മാത്രമായിരുന്നു ഇപ്രാവശ്യത്തെ ഓണാഘോഷം .
വിപുലമായ ആഘോഷ പരിപാടികൾ ഒഴിവാക്കി മിതത്വവും വ്യത്യസ്തതയും നിലനിർത്താൻ ആയത് അന്നേ ദിവസത്തിൻറെ മാറ്റുകൂട്ടി. സി. വി.ജെ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ഓണാഘോഷ പരിപാടിയിൽവിവിധ കലാപരിപാടികൾ ഉൾക്കൊള്ളിച്ചുകൊണ്ട് മനോഹരമായ ‘ഓണപ്പുലരി’- മലയാളം സ്കിറ്റ് അവതരിപ്പിക്കപ്പെട്ടു.ശേഷം കുട്ടികൾക്ക് ക്ലാസ് മുറികളിൽ പായസ വിതരണം നടത്തി.മിഡിൽ സ്കൂൾ വിഭാഗത്തിനും സീനിയർ സെക്കൻഡറി & ഹയർ സെക്കൻഡറി വിഭാഗത്തിനുമായി രണ്ട് സ്കൂളിനും പരിപാടികൾ നടത്തപ്പെട്ടു . മഹാബലിയുടെ ഓണ സന്ദേശത്തിനുശേഷം പ്രിൻസിപ്പൽ നാരായണൻ സാർ അധ്യാപികമാരായ ജിബി ജോസഫ് ,ജിഷ ടി.ജെ എന്നിവർ ഓണ സന്ദേശം നൽകി .