സെന്റ്. പീറ്റേഴ്സ് സീനിയർ സെക്കന്ററി സ്കൂളിലെ 2026 -27 അധ്യയന വർഷത്തെ 3മുതൽ 12 വരെ ക്ലാസ്സുകളിലെ ഓണാഘോപരിപാടികൾ 21/8/2026 ന് അതിഗംഭീരമായി നടത്തപ്പെട്ടു. പൂക്കളങ്ങളും തോരണങ്ങളും കൊണ്ട് അലംകൃതമായ വിദ്യാലയമുറ്റത്ത് രാവിലെ 9 മണിക്ക് വിദ്യാലയ മാനേജ്മെന്റ് പ്രസിഡൻ്റ്, ശ്രീ ജോസ് ജോൺ, സെക്രട്ടറി ശ്രീ അജു ജേക്കബ്, ട്രെഷറർ, ശ്രീ ജിബി തോമസ്, പ്രിൻസിപ്പൽ ശ്രീ ആർ .കെ. മോസ്സസ്, അക്കാദമിക് ഹെഡ്, ശ്രീമതി ജയമാല ടി. ആർ, എച്ച്. ആർ. ശ്രീ ശ്രീകാന്ത് ശ്രീകുമാർ , മിഡിൽ സ്കൂൾ മേധാവി ശ്രീമതി ഫെമിന ഐസക്, പ്രൈമറി വിഭാഗം മേധാവി ശ്രീമതി നിവ്യ പൗലോസ്, ഫൗണ്ടേഷനൽ വിഭാഗം മേധാവി ശ്രീമതി ദീപ വിജയ്, ശ്രീമതി സീന മെയ്ൻ തുടങ്ങിയവർ ചേർന്ന് അധ്യാപകാനധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നിറസാന്നിധ്യത്തിൽ ഭദ്രദീപം കൊളുത്തി ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.
9.30 ന് ശേഷം നടന്ന ഘോഷയാത്രയിൽ കേരളത്തിന്റെ പാരമ്പര്യവും തനിമയും പ്രൗഢിയും നിലനിർത്തുന്ന ഒട്ടേറെ കേരളീയ തനത് കലാരൂപങ്ങൾ അണിനിരന്നു. മഹാബലിയെയും വാമനനെയും അനുസേവിച്ചു കൊണ്ട് തൃപ്പൂണിത്തുറ അത്തച്ചമയഘോഷയാത്രയെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് വിദ്യാർത്ഥികൾ അണിനിരന്നത്. ചെണ്ടയുടെയും മുത്തുക്കുടയുടെയും താലത്തിന്റെയും അകമ്പടിയിൽ , പുലികളിയും ഒപ്പനയും മാർഗംകളിയും ദഫ് മുട്ടും തിരുവാതിരകളിയും കളരിപ്പയറ്റും കോൽക്കളിയും വിദ്യാർത്ഥികൾ അവതരിപ്പിച്ചു. ത്രിമൂർത്തികളായ ബ്രഹ്മ വിഷ്ണു മഹേശ്വരന്മാർ, കർഷകർ, രവിവർമ്മ ചിത്രത്തിലെ സുന്ദരികളായ നായികമാർ തുടങ്ങി ഒട്ടേറെ മനോഹര പ്രതീകാത്മക വേഷങ്ങൾ കാണികളുടെ മനം കവർന്നു. ഘോഷയാത്രയ്ക്ക് ശേഷം നടന്ന ഔപചാരിക ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീ ആർ.കെ. മോസ്സസ്, അക്കാദമിക് കോഡിനേറ്റർ ശ്രീമതി ജയമാല, മഹാബലി എന്നിവർ ഓണ സന്ദേശം നൽകി. ഓണാഘോഷത്തോടനുബന്ധിച്ച് പ്രൈമറി വിഭാഗം കുട്ടികൾക്കായി നടത്തിയ ഓണക്കളികളുടെ സമ്മാനദാനം പ്രിൻസിപ്പൽ ശ്രീ ആർ. കെ മോസ്സസ് നിർവഹിച്ചു. വിദ്യാർഥിനികളും അധ്യാപികമാരും ചേർന്ന് അവതരിപ്പിച്ച മെഗാ തിരുവാതിരയും, കുട്ടികളുടെയും അധ്യാപകരുടെയും ഓണപ്പാട്ടും ഓഫീസ് സ്റ്റാഫ് അംഗങ്ങളും അനദ്ധ്യാപകരും ചേർന്ന് അവതരിപ്പിച്ച തിരുവാതിരയും ഇത്തവണത്തെ ഓണാഘോഷ പരിപാടികൾക്ക് നിറപ്പൊലിമ ചാർത്തി.