ഓണം പൊന്നോണം

പൂക്കളും സദ്യയും കൂട്ടുകാരും കുടുംബവുമായി ഗൃഹാതുരത്വത്തിന്‍റെ ഊഞ്ഞാലിലേറി ഓണമെത്തി. സെപ്റ്റംബർ 1-ന് നേഴ്സറി വിഭാഗം ‘ഓർമ്മയിലെ ഓണം' എന്ന ആവിഷ്കാരത്തിലൂടെ ഓണത്തിന്‍റെ ചൈതന്യവും ആഘോഷത്തിന്‍റെ നിറങ്ങളും പുനഃസൃഷ്ടിച്ചു. കൊയ്ത്തു പാട്ട് , ഓണസദ്യ, വള്ളംകളി, പുലി കളി, ശിങ്കാരിമേളം, തിരുവാതിര എന്നിവയിലൂടെ കല്യാണി മുത്തശ്ശിയും കൊച്ചുമക്കളും സദസ്സിനെ കാർഷിക ഭൂതകാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. വിദ്യാർത്ഥികളുടെ വർണ്ണാഭമായ പ്രകടനങ്ങൾ ഓണത്തിന് അതിന്‍റെ എല്ലാ പ്രൗഢിയും പ്രതാപവും നൽകി.

നിറപ്പകിട്ടാർന്ന ഘോഷയാത്രയോടെ ആരംഭിച്ച പ്രൈമറി വിഭാഗത്തിന്‍റെ ഓണാഘോഷത്തിൽ തിരുവാതിര, വള്ളംകളി, ഓണപ്പാട്ട്, പുലികളി,നാടകം എന്നിങ്ങനെ വിവിധ കലാപരിപാടികൾ കുട്ടികൾ കാഴ്ചവച്ചു.


മഹാബലി, വാമനൻ, കുമ്മാട്ടിക്കളി, തിരുവാതിര,കോൽകളി, പുലികളി, കൊയ്‌ത്തുപാട്ട് ഇവയെല്ലാം സമന്വയിപ്പിച്ച വർണോജ്ജ്വലമായ ഘോഷയാത്രയോടെയാണ് സെപ്റ്റംബർ 2-ന് നടന്ന ഹൈസ്‌കൂൾ വിഭാഗത്തിന്റെ ഓണപ്പരിപാടികൾ ആരംഭിച്ചത്. കുട്ടികളുടെ പരിപാടികൾക്കൊപ്പം അധ്യാപകരുടെ ഓണപ്പാട്ടും ചടങ്ങുകൾക്ക് കൊഴുപ്പ് പകർന്നു. പ്രിൻസിപ്പലിന്റെ ഓണസന്ദേശത്തോടുകൂടി ഓണപ്പരിപാടികൾക്ക് സമാപനമായി.